‘ഗുഡ് ബൈ പറയാൻ ഇതിലും മികച്ചൊരു സമയമില്ല’; കോലിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത്ത്

ട്വിന്റി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിനായി നിർണായക പ്രകടനം നടത്തിയ ഹാർദ്ദിക്‌ പാണ്ഡ്യയാകും ട്വിന്റി20 ടീമിനെ ഇനി നയിക്കുക.

By Trainee Reporter, Malabar News
Rohit-and-Virat
വിരാട് കോലി, രോഹിത് ശർമ
Ajwa Travels

ബാർബഡോസ്: ട്വിന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും. ഇനി ട്വിന്റി20 ക്രിക്കറ്റിൽ കളിക്കില്ലെന്ന് ഇരുവരും മൽസരശേഷം പ്രഖ്യാപിച്ചു. ട്വിന്റി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിനായി നിർണായക പ്രകടനം നടത്തിയ ഹാർദ്ദിക്‌ പാണ്ഡ്യയാകും ട്വിന്റി20 ടീമിനെ ഇനി നയിക്കുക.

ലോകകപ്പ് ടീമിന്റെ വൈസ് ക്യാപ്‌റ്റനായിരുന്നു പാണ്ഡ്യ. മൽസരത്തിന് ശേഷം കളിയിലെ താരത്തിനുള്ള പുരസ്‌കാരം വാങ്ങുന്നതിനിടെയാണ് കോലി ട്വിന്റി20 മതിയാക്കുന്ന കാര്യം വെളിപ്പെടുത്തിയത്. വാർത്താ സമ്മേളനത്തിലാണ് രോഹിത് ശർമ തന്റെ നിലപാട് വ്യക്‌തമാക്കിയത്‌. ടെസ്‌റ്റ് ക്രിക്കറ്റിലും ഏകദിന ഫോർമാറ്റിലും തുടർന്നും കളിക്കുമെന്നും രോഹിത് പ്രതികരിച്ചു.

”ഗുഡ് ബൈ പറയാൻ ഇതിലും മികച്ചൊരു സമയമില്ല. ഞാൻ ഈ ട്രോഫി വളരെയേറെ ആഗ്രഹിച്ചിരുന്നതാണ്. ഈ നിമിഷത്തിൽ കൂടുതൽ സംസാരിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്”- രോഹിത് ശർമ പ്രതികരിച്ചു. ട്വിന്റി20 ക്രിക്കറ്റിൽ 159 മൽസരങ്ങളിൽ നിന്ന് 4231 റൺസാണ് രോഹിത് ഇതുവരെ നേടിയത്. ട്വിന്റി20 രാജ്യാന്തര മൽസരങ്ങളിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ താരമാണ് രോഹിത്. അഞ്ച് സെഞ്ചുറികളാണ് രോഹിത്തിന്റെ പേരിലുള്ളത്. രോഹിത് ഇനിയും ഐപിഎല്ലിൽ കളിക്കും.

ഈ ലോകകപ്പോടെ രാജ്യാന്തര ട്വിന്റി20യിൽ നിന്ന് താൻ വിരമിക്കുമെന്നത് പരസ്യമായ രഹസ്യമായിരുന്നെന്നും കിരീടത്തോടെ പടിയിറങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും വിരാട് കോലി പറഞ്ഞു. 35-കാരനായ കോലി ഇന്ത്യക്കായി 125 ട്വിന്റി20 മൽസരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും 38 അർധ സെഞ്ചുറിയുമടക്കം 4188 റൺസ് നേടിയിട്ടുണ്ട്.

2014, 2016 ട്വിന്റി20 ലോകകപ്പുകളിലെ പ്ളെയർ ഓഫ് ദ് ടൂർണമെന്റായിരുന്ന കോലി, ട്വിന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്. ഐപിഎല്ലിൽ തുടരുമെന്നാണ് കോലിയും അറിയിച്ചിരിക്കുന്നത്.

2023 നവംബർ 19ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ നാലാം കിരീടമെന്ന സ്വപ്‌നം പൊലിഞ്ഞതിന്റെ ദുഃഖഭാരവും പേറിയാണ് ടീം ഇന്ത്യ ട്വിന്റി20 ലോകകപ്പ് ഫൈനലിൽ ഇറങ്ങിയത്. ഇത്തവണ വിജയക്കാറ്റ് ഇന്ത്യക്കൊപ്പമായിരുന്നു. 13 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ഒരു ലോകകിരീടം ചൂടുന്നത്. ഇതിന് മുൻപ് 2011ലെ ഏകദിന ലോകകപ്പാണ് ഇന്ത്യ വിജയിച്ചത്.

ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന്‌ തോൽപ്പിച്ചാണ് ഇന്ത്യ വിജയകിരീടം ചൂടിയത്. ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 176 റൺസ് നേടി. ദക്ഷിണാഫ്രിക്കയ്‌ക്ക് 20 ഓവറിൽ എട്ട് വിക്കറ്റിന് 169 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. രണ്ടാം വട്ടമാണ് ഇന്ത്യ ജേതാക്കളാകുന്നത്.

Health| ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE