ഐപിസിയും സിആർപിസിയും ഇനിയില്ല; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ

ഐപിസിക്ക് പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎൻഎസ്) സിആർപിസിക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും (ബിഎൻഎസ്‌എസ്) ഭാരതീയ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധിനിയമവും (ബിഎസ്എ) നിലവിൽ വന്നു.

By Trainee Reporter, Malabar News
The incident where the student died after the car overturned; the court will conduct the investigation directly
Rep. Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. 164 വർഷം പഴക്കമുള്ള കൊളോണിയൽ കാലത്തെ ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) അടക്കമുള്ള മൂന്ന് നിയമങ്ങൾ ഇതോടെ ചരിത്രമായി. കഴിഞ്ഞവർഷം ഓഗസ്‌റ്റ് 12നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്.

അപാകതകൾ പരിഹരിച്ച് ഡിസംബർ 13ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25നാണ് രാഷ്‌ട്രപതി അംഗീകാരം നൽകിയത്. ഐപിസിക്ക് പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎൻഎസ്) സിആർപിസിക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും (ബിഎൻഎസ്‌എസ്) ഭാരതീയ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധിനിയമവും (ബിഎസ്എ) നിലവിൽ വന്നു.

പേരുകൾ സംസ്‌കൃതത്തിലാകുന്നതിനൊപ്പം, അവയിലെ വിവിധ വ്യവസ്‌ഥകളിലും മാറ്റം വന്നു. എന്നാൽ, ഇതുവരെ രജിസ്‌റ്റർ ചെയ്യുന്ന കേസുകളിലെ നടപടികൾ നിലവിലെ വ്യവസ്‌ഥ അനുസരിച്ച് തുടരും.

മാറ്റങ്ങൾ ഇങ്ങനെ

* അപകീർത്തിക്കേസ്, 5000 രൂപയിൽ താഴെയുള്ള മോഷണകേസ് തുടങ്ങി താരതമ്യേന ചെറിയ കുറ്റകൃത്യങ്ങൾക്ക് സാമൂഹിക സേവനം പോലെ പുതിയ ശിക്ഷകൾ.

* വർഗം, ജാതി, സമുദായം എന്നിവ അടിസ്‌ഥാനമാക്കിയുള്ള ആൾക്കൂട്ട ആക്രമണങ്ങൾക്ക് ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാം

* കുറ്റകൃത്യങ്ങൾക്ക് ഇരയക്ക് പ്രാമുഖ്യം നൽകുന്ന വ്യവസ്‌ഥകൾ ഉൾപ്പെടുത്തി.

* ഇരയാകുന്നവർക്ക് അഭിപ്രായം വ്യക്‌തമാക്കുന്നതിനും വിവരം ലഭിക്കുന്നതിനും നഷ്‌ടപരിഹാരത്തിനുമുള്ള അർഹതക്കുള്ള അവകാശം

* എവിടെ നിന്നും പരാതി നൽകി എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാം.

* രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയെങ്കിലും തത്തുല്യമായ വ്യവസ്‌ഥയുണ്ട്. വിഘടനവാദം പ്രോസാൽഹിപ്പിക്കുന്നതും ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ഐക്യത്തെയും വെല്ലുവിളിക്കുന്നത് 152ആം വകുപ്പ് പ്രകാരം കുറ്റകരം.

സ്‌ത്രീകളെ തൊടരുത്

* ലൈംഗികാതിക്രമം കൈകാര്യം ചെയ്യാൻ സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ എന്ന പുതിയ അധ്യായം.

* പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ കൂട്ടബലാൽസംഗ കേസിൽ ബന്ധപ്പെട്ട വകുപ്പുകളും പോക്‌സോ നിയമവും ഒന്നിച്ച് കണക്കിലെടുത്തും. ഇത് ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റം.

* കൂട്ടബലാൽസംഗ കേസുകളിൽ കുറഞ്ഞത് 20 വർഷമോ ജീവപര്യന്തമോ ശിക്ഷയ്‌ക്കുള്ള വ്യവസ്‌ഥ. വിവാഹ വാഗ്‌ദാനം നൽകിയുള്ള ലൈംഗിക മുതലെടുപ്പിനും ശിക്ഷയ്‌ക്ക് വ്യവസ്‌ഥ.

തീവ്രവാദ കുറ്റത്തിന് പുതിയ നിർവചനം

* വധശിക്ഷയോ പരോൾ ഇല്ലാതെ ജീവപര്യന്തം തടവ് ശിക്ഷയോ ലഭിക്കാവുന്ന കുറ്റം

* പൊതുസ്‌ഥാപനങ്ങളോ സ്വകാര്യ സ്വത്തോ തകർക്കുന്നതും വകുപ്പിന്റെ പരിധിയിൽ വരും.

* സംഘടിതമായുള്ള നിയമവിരുദ്ധ പ്രവർത്തനം സംഘടിത കുറ്റകൃതയുമായി നിർവചിച്ചു

* സായുധ വിമത പ്രവർത്തനം, വിഘടനവാദം, രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യൽ തുടങ്ങിയവ വകുപ്പിന്റെ പരിധിയിൽ.

ചെറിയ കുറ്റത്തിന് വലിയ ശിക്ഷ

* ചെറിയ കുറ്റകൃത്യങ്ങൾ ഏഴ് വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാക്കി.

* ആൾനാശമുണ്ടായാൽ വധശിക്ഷയോ ജീവപര്യന്തമോ ശിക്ഷിക്കും. പത്ത് ലക്ഷം രൂപയിൽ പിഴയുമുണ്ട്. ഇവരെ സഹായിക്കുന്നവർക്കും ശിക്ഷ.

* ഒരാൾക്ക് അംഗവൈകല്യം ഉണ്ടാക്കുകയോ ഇതിന്റെ വക്കോളമെത്തുകയോ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ കൂടുതൽ കടുത്ത ശിക്ഷയ്‌ക്കും വ്യവസ്‌ഥ.

ചികിൽസാ പിഴവിലും കുടുങ്ങും

* ചികിൽസാ പിഴവുമായി ബന്ധപ്പെട്ട 106ആം വകുപ്പ് പ്രകാരം തിടുക്കപ്പെട്ടുള്ളതോ അശ്രദ്ധയോടെയുള്ളതോ ആയ പ്രവൃത്തി ഒരാളുടെ മരണത്തിലേക്ക് നയിച്ചാൽ അഞ്ചുവർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കും.

* ചികിൽസ നൽകുന്നതിനിടെ രജിസ്‌റ്റേഡ് ഡോക്‌ടർമാരുടെ പിഴവ് മൂലമാണ് മരണം സംഭവിക്കുന്നതെങ്കിൽ പരമാവധി രണ്ടുവർഷം വരെ തടവും പിഴയുമുണ്ടാകും.

Most Read| ലോകകപ്പ് കിരീടം; ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE