ന്യൂഡെൽഹി: ചന്ദ്രയാൻ 4 ദൗത്യത്തിന്റെ വിക്ഷേപണം രണ്ട് ഘട്ടങ്ങളിലായെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ചന്ദ്രയാൻ 4ന്റെ ഭാഗങ്ങൾ രണ്ടു ഘട്ടങ്ങളിലായി ബഹിരാകാശത്ത് എത്തിച്ച ശേഷം അവിടെ വെച്ച് സംയോജിപ്പിക്കും. തുടർന്ന് ദൗത്യം ചന്ദ്രനിലേക്ക് തിരിക്കുമെന്നും സോമനാഥ് പറഞ്ഞു.
നിലവിൽ ഐഎസ്ആർഒയുടെ പക്കലുള്ള ഏറ്റവും ശക്തിയേറിയ റോക്കറ്റിന് വഹിക്കാവുന്നതിനേക്കാൾ കൂടുതലായിരിക്കും ചന്ദ്രയാൻ 4 ദൗത്യത്തിന്റെ ഭാരം എന്നതിനാലാണ് ഇരട്ട വിക്ഷേപണമെന്നും ഡെൽഹിയിൽ നടത്തിയ പ്രസംഗത്തിൽ സോമനാഥ് പറഞ്ഞു.
രാജ്യാന്തര ബഹിരാകാശ നിലയം പോലെ വിവിധ ബഹിരാകാശ പേടകങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ദൗത്യം മുമ്പും നടന്നിട്ടുണ്ടെങ്കിലും ഒരു ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങൾ ബഹിരാകാശത്ത് വെച്ച് സംയോജിപ്പിക്കുന്നത് ആദ്യമായിട്ടാകും.
ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങൾ ബഹിരാകാശത്ത് വെച്ച് സംയോജിപ്പിക്കുന്നതിനുള്ള ഡോക്കിങ് സാങ്കേതികവിദ്യ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സ്പെയ്ഡെക്സ് എന്ന് പേരിട്ടിട്ടുള്ള ദൗത്യം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. ചന്ദ്രയാൻ 4ന്റെ ചിലവ് സംബന്ധിച്ച റിപ്പോർട് ഉടൻ സർക്കാരിന്റെ അനുമതിക്കായി കൈമാറുമെന്നും സോമനാഥ് പറഞ്ഞു.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!